Categories: LOANTIPS

ഭവന വായ്പ എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Advertisement

സ്വന്തമായി ഒരു വീട് വാങ്ങുന്നത് ജീവിതത്തിലെ വലിയ ഒരു ഘട്ടമാണ്. ഒരു വീട് സ്വന്തമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിനുള്ള നല്ലൊരു മാർഗ്ഗമാണ് ഭവനവായ്പ. ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വാങ്ങുന്ന വീട് താമസത്തിനാണോ, നിക്ഷേപത്തിനാണോ എന്നതുകൂടി പരിഗണിക്കണം. ഉപയോഗത്തിനാണെങ്കിൽ അടിസ്ഥാന ആവശ്യങ്ങൾ മനസ്സിലാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. നിക്ഷേപമായിട്ടാണെങ്കിൽ റിട്ടേൺ സാധ്യതകളും അറിഞ്ഞിരിക്കണം. ഇതുകൂടാതെ ഭവന വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

1. യോഗ്യത
ഭവന വായ്പ എടുക്കുന്നതിനു മുൻപ് നിങ്ങൾ വായ്പ ലഭിക്കാൻ യോഗ്യരാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നത് പ്രധാനമായും നിങ്ങളുടെ വരുമാനത്തിൻറ്റെയും തിരിച്ചടവ് ശേഷിയുടെയും അടിസ്ഥാനത്തിലാണ്.

2. ഭവന വായ്പയുടെ തരം
ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വിവിധ തരം ഭവനവായ്പകളെക്കുറിച്ച് അറിഞ്ഞിരിക്കണം. പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, ഇഎംഐ തുടങ്ങിയവ ഓരോ വായ്പയ്ക്കും വ്യത്യസ്തമായിരിക്കും. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുവേണം വായ്പ തിരഞ്ഞെടുക്കാൻ.

3. വായ്പ തുക
നിങ്ങളുടെ തിരിച്ചടവുശേഷിക്കനുസരിച്ചുവേണം വായ്പ തുക നിശ്ചയിക്കാൻ. ഒപ്പംതന്നെ അനുയോജ്യമായ ഇഎംഐകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. വായ്പ എടുക്കുന്നവരുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ച് പലതരം ഇഎംഐ ഓപ്ഷനുകൾ ഇപ്പോൾ ബാങ്കുകൾ നൽകുന്നുണ്ട്. ഇഎംഐ തുക നിങ്ങളുടെ വരുമാനത്തിൻറ്റെ 45 ശതമാനം കവിയുന്നില്ലെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.

4. തിരിച്ചടവ് കാലാവധി
തിരിച്ചടവു കാലാവധിയും ഇഎംഐയും പലിശയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നീണ്ട തിരിച്ചടവു കാലാവധി തിരഞ്ഞെടുക്കുമ്പോൾ ഇഎംഐ കുറയുമെങ്കിലും പലിശ നിരക്ക് കൂടുതലാണ്. നിങ്ങൾക്ക് സ്ഥിരവരുമാനമുണ്ടെങ്കിൽ ഹ്രസ്വകാല തിരിച്ചടവ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഉയർന്ന ഇഎംഐ ആണെങ്കിലും പലിശ നിരക്ക് വളരെ കുറവായിരിക്കും.

5.പ്രമാണങ്ങൾ / രേഖകൾ
ഭവന വായ്പ എടുക്കുന്നതിനു മുമ്പ് വായ്പയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിബന്ധനകളും നിർബന്ധമായും വായിച്ചിരിക്കണം. രേഖകളിൽ പരാമർശിച്ചിരിക്കുന്ന വ്യത്യസ്ത നിരക്കുകൾ, ഫീസ്, പിഴകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. അതുപോലെതന്നെ വാങ്ങാനുദ്ദേശിക്കുന്ന പ്രോപ്പർട്ടിയുടെ പ്രമാണങ്ങളും പരിശോധിച്ച് പൊരുത്തക്കേടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.

6.അധിക നിരക്കുകൾ
ഇഎംഐ കൂടാതെ ബാങ്കുകൾ ചിലപ്പോൾ അഡ്മിനിസ്ട്രേറ്റീവ്, പ്രോസസ്സിംങ് തുടങ്ങിയ അധിക ഫീസുകൾ ഈടാക്കാം. ഈ നിരക്കുകളെക്കുറിച്ച് വായ്പയെടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം. അവ ഒറ്റതവണ ചാർജുകളാണോ, അതോ പ്രതിമാസമാണോ എന്ന് പരിശോധിക്കുക.

7.ഇൻഷുറൻസ്
ഭവനവായ്പ എടുക്കുമ്പോൾ വായ്പ തുക ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പോളിസിയും തിരഞ്ഞെടുക്കുക. ഇത് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നു.

Advertisement