PERSONAL FINANCE

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക സ്വാതന്ത്യം നേടാം

Advertisement

സാമ്പത്തികമായി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കാരണം സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുക എന്നത് ചെറിയ കാര്യമല്ല. ബാദ്ധ്യതകൾ എല്ലാം തീർത്ത് സമാധാനത്തോടെ ജീവിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാനും നമുക്ക് ആവശ്യത്തിന് പണം വേണം. അശ്രദ്ധമായി നാം ചെയ്യുന്ന കാര്യങ്ങളാണ് നമ്മളെ വലിയ കടക്കെണിയിൽ ആക്കുന്നതും സാമ്പത്തിക സ്വാതന്ത്യം കൈവരിക്കുന്നതിന് തടസ്സമാകുന്നതും. അതുകൊണ്ട് സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് വ്യക്തമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കയാണെന്ന് നോക്കാം.

സമ്പാദ്യ ശീലം വളർത്തുക

ചെലവുകൾ ചുരുക്കി സമ്പാദ്യം ശീലം വളർത്തുക എന്നതാണ് സാമ്പത്തികമായി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട കാര്യം. വരുമാനത്തിൽ കൂടുതൽ ചിലവഴിക്കുന്നതാണ് പലരുടെയും ശീലം. ഇത് നന്നല്ല. അനാവശ്യമായി വായ്പകൾ എടുക്കുന്നതും ഇഎംഐ ആയി സാധനങ്ങൾ വാങ്ങുന്നതും ഒഴിവാക്കുക. ഇത് നിങ്ങളെ വലിയ കടക്കെണിയിൽ ആക്കും. സമ്പാദ്യം തുടങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയം നിങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങുന്ന സമയം തന്നെ ആണ്.

നിക്ഷേപം തുടങ്ങുക

പണം ചിലവാക്കാതെ സൂക്ഷിച്ചാൽ മാത്രം പോരാ, അത് ഉയർന്ന റിട്ടേൺ ലഭിക്കുന്ന ഉത്പ്പന്നങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യണം. സമ്പാദ്യം മുഴുവനും ഒരിടത്തു തന്നെ നിക്ഷേപിക്കാതെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളിലായി നിക്ഷേപിക്കുക. ഉദാഹരണത്തിന് ബോണ്ടുകൾ, ഓഹരികൾ, ബാങ്ക് ഡിപ്പോസിറ്റ്, സ്വർണ്ണം, റിയൽ എസ്സ്റ്റേറ്റ് എന്നിങ്ങനെ. സാമ്പത്തിക അച്ചടക്കത്തോടെ വൈവിധ്യമാർന്ന മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ വലിയ നേട്ടമുണ്ടാക്കും.

നിക്ഷേപ ലക്ഷ്യം

നിക്ഷേപിക്കുന്നതിന് ഒരു ലക്ഷ്യം ഉണ്ടാകുന്നത് വളരെ നല്ലതാണ്. കാരണം നിങ്ങളുടെ നിക്ഷേപം തുടർന്നുകൊണ്ടുപോകാൻ ഇത് സഹായിക്കും. ഉദാഹരണത്തിന് കാർ വാങ്ങുക, വീട് പണിയുക, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമൻറ്റ് ജീവിതം എന്നിങ്ങനെ. നിങ്ങളുടെ ലക്ഷ്യം നേടുന്നതിനായി എത്രമാത്രം തുക വേണമെന്ന് ആദ്യം കണ്ടെത്തുക. തുടർന്ന് ഇതിനായി നിങ്ങൾ എത്രനാൾ നിക്ഷേപം തുടരണമെന്നും നിക്ഷേപം നടത്തേണ്ട തുകയും കണ്ടെത്താനാകും.

എമർജൻസി ഫണ്ട്

മികച്ച സാമ്പത്തിക ആസൂത്രണത്തിൽ എമർജൻസി ഫണ്ടിന് വളരെ അധികം പ്രാധാന്യമുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടി കുറച്ചു പണം കരുതിവയ്ക്കുക എന്നതാണ് എമർജൻസി ഫണ്ടിൻറ്റെ ലക്ഷ്യം. ഒരു കുടുംബത്തിൻറ്റെ ആറു മാസത്തെ ചെലവിനു വേണ്ടി വരുന്ന തുക എമർജൻസി ഫണ്ടായി കരുതിവയ്ക്കണം. ജോലി നഷ്ടപ്പെടുക, ആശുപത്രി ചെലവുകൾ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ ഈ പണം ഉപയോഗിക്കാം. നിങ്ങളുടെ ചെലവുകൾ കണക്കാക്കി ഓരൊ മാസവും ഒരു നിശ്ചിത തുക എമർജൻസി ഫണ്ടിലേക്ക് മാറ്റിവയ്ക്കുക. എമർജൻസി ഫണ്ട് കരുതിവയ്ക്കുമ്പോൾ എളുപ്പം പിൻവലിക്കാവുന്ന അല്ലെങ്കിൽ പണമാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ നിക്ഷേപിക്കുക.

ഇൻഷുറൻസ്

സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ ആരോഗ്യ ഇൻഷുറൻസിൻറ്റെയും ലൈഫ് ഇൻഷുറൻസിൻറ്റെയും പ്രാധാന്യം വളരെ വലുതാണ്. നിങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ എമർജൻസി ഫണ്ട് ഉപയോഗിക്കേണ്ട കാര്യവുമില്ല. ഇൻഷുറൻസ് കവറേജ് ഇല്ലെങ്കിൽ ഹോസ്പിറ്റൽ ബിൽ വലിയൊരു ബാദ്ധ്യതയായി മാറും. നിങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബാഗങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും ലൈഫ് ഇൻഷുറൻസ് എടുക്കേണ്ടത് ആവശ്യമാണ്.

Advertisement