BANKING

നിങ്ങൾക്ക് അനുയോജ്യമായ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം

Advertisement

ബാങ്കുകളിൽ ലഭ്യമായിട്ടുമുള്ള ഒരു പോപ്പുലർ അക്കൗണ്ട് കാറ്റഗറി ആണ് സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ. പൊതുമേഖല ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും എല്ലാം തന്നെ സേവിങ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുറക്കാനാകും. മാത്രമല്ല നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ ഒക്കെ നമുക്ക് പണം പിൻവലിക്കാനും സാധിക്കും. കൂടാതെ നിക്ഷേപിക്കുന്ന പണത്തിന് ബാങ്ക് നിങ്ങൾക്ക് പലിശയും നൽകും. എന്നാൽ ഒരു സേവിംഗ്സ് അക്കൌണ്ട് തുടങ്ങുന്നതിനു മുമ്പ് വിവിധ ബാങ്കുകളുടെ സവിശേഷതകളും ആനുകൂല്യങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നിങ്ങൾക്ക് അനുയോജ്യമായ ഒരു ബാങ്ക് വേണം തിരഞ്ഞെടുക്കാൻ. മിനിമം ബാലൻസ്, പലിശ നിരക്ക്, സർവീസ് ചാർജ് തുടങ്ങിയവ ബാങ്കുകൾ തമ്മിൽ താരതമ്യം ചെയ്യുന്നതിനുള്ള ചില അടിസ്ഥാന കാര്യങ്ങളാണ്.

പലിശ നിരക്ക്

ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുമ്പോൾ ഏറ്റവും ആദ്യം പരിഗണിക്കേണ്ട കാര്യം പലിശ നിരക്കാണ്. ഓരോ ബാങ്കിലെയും പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും സേവിംഗ്സ് അക്കൌണ്ടിന് വ്യത്യസ്ത പലിശ നിരക്കുകളാണ് നൽകുന്നത്. മിക്ക ബാങ്കുകളും 2.5 ശതമാനം മുതൽ 4 ശതമാനം വരെയാണ് പലിശ നൽകുന്നത്.

മിനിമം ബാലൻസ്

ഒരു സേവിംഗ്സ് അക്കൌണ്ട് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മിനിമം ബാലൻസ്. കാരണം മിനിമം ബാലൻസ് തുക നിങ്ങളുടെ അക്കൌണ്ടിൽ ഇല്ലെങ്കിൽ നിങ്ങൾ പിഴ നൽകേണ്ടിവരും. അതുകൊണ്ട് അക്കൌണ്ട് തുടങ്ങുമ്പോൾ ബാങ്കിനോട് ഇക്കാര്യങ്ങൾ ചോദിച്ചറിയുക. കൂടാതെ സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാനുള്ള സൌകര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാവുന്നതാണ്. ചില ബാങ്കുകളിൽ മാത്രമേ ഈ സൌകര്യം ഉണ്ടായിരിക്കുകയുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ നിങ്ങൾക്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാവുന്നതാണ്.

സർവീസ് ചാർജ്

ബാങ്ക് നിങ്ങൾക്ക് നൽകുന്ന ഓരോ സേവനങ്ങൾക്കും ഫ്രീ ലിമിറ്റ് കഴിഞ്ഞാൽ സർവീസ് ചാർജ് നൽകേണ്ടതുണ്ട്. അതുകൊണ്ട് അക്കൌണ്ട് തുടങ്ങുന്നതിനു മുമ്പ് ഓരോ സേവനങ്ങളുടെയും നിരക്കുകൾ ചോദിച്ചറിയുക. ഉദാഹരണത്തിന് എറ്റിഎം വഴി പണം പിൻവലിക്കുന്നതിനും പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ഓൺലൈൻ ഇടപാടുകൾക്കും ബാങ്ക് ഫ്രീ ലിമിറ്റ് കഴിഞ്ഞാൽ ചാർജ് ഈടാക്കും. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളിൽ ഇത്തരം നിരക്കുകൾ കുറവായിരിക്കും.

എറ്റിഎം

നിങ്ങളുടെ പരിസരത്തും പ്രധാന സ്ഥലങ്ങളിലും നഗരങ്ങളിലും എറ്റിഎം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം നിങ്ങൾ മറ്റു ബാങ്കുകളുടെ എറ്റിഎം ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഫ്രീ ലിമിറ്റിനു ശേഷം നിങ്ങൾ ഇതിന് ചാർജ് നൽകേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങളുടെ ബാങ്കിന് മതിയായ എറ്റിഎമ്മുകൾ ഇല്ലെങ്കിൽ ഇതു നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.

സേവനങ്ങളുടെ ഗുണമേന്മ

ഇപ്പോൾ ബാങ്കിൻറ്റെ പല സേവനങ്ങളും ബാങ്കിൻറ്റെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാണ്. എന്നിരുന്നാലും ലോക്കർ ഇടപാടുകൾക്കും മറ്റുമായി നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് നിങ്ങൾ ഒരു ബാങ്കിൽ അക്കൌണ്ട് തുടങ്ങുന്നതിനു മുമ്പ് ബാങ്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ പരിശോധിക്കേണ്ടതുണ്ട്.

ബാങ്ക് ഓഫ് ബറോഡ എറ്റേർണ ക്രെഡിറ്റ് കാർഡ്

Advertisement