INVESTMENT

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to Choose the Best FD

Advertisement

How to Choose the Best FD

ഏറ്റവും സുപരിചിതവും ജനപ്രീയവുമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സിഡ് ഡിപ്പോസിറ്റുകൾ. ഉയർന്ന പലിശ നിരക്കും സുരക്ഷിതത്വവുമാണ് ഫിക്സിഡ് ഡിപ്പോസിറ്റുകളെ കൂടുതൽ ജനപ്രീയമാക്കുന്നത്. ഒരു നിശ്ചിത തുക, നിശ്ചിത കാലയളവിലേക്ക് ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ നിക്ഷേപിക്കുന്നതിനാണ് സ്ഥിര നിക്ഷേപം എന്നു പറയുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിക്കും അനുസൃതമായി നിശ്ചിത നിരക്കിൽ പലിശയും ബാങ്കുകൾ നൽകും. നാഷണലൈസ്ഡ് ബാങ്കുകളിലോ സ്വകാര്യ ബാങ്കുകളിലോ ഫിക്സിഡ് ഡിപ്പോസിറ്റുകൾ തുടങ്ങാം. നിക്ഷേപത്തിൻറ്റെ കാലവധിയും നിക്ഷേപകനു തന്നെ തിരഞ്ഞെടുക്കാം. ഒന്നു മുതൽ പത്ത് വർഷം വരെയാണ് നാഷണലൈസ്ഡ് ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും നിക്ഷേപ കാലാവധി. 5.50 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്. നിക്ഷേപത്തിൻറ്റെ കാലാവധി തീരുന്നതുവരെ ഈ തുക സുരക്ഷിതമായിരിക്കും എന്നതാണ് ഇതിൻറ്റെ മറ്റൊരു പ്രത്യേകത.

ഇനി നിക്ഷേപത്തിനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ നിക്ഷേപത്തിൻറ്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് നിക്ഷേപത്തിനായി ഒരു ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ ബാങ്കിൻറ്റെ സുരക്ഷിതത്വം പരിശോധിക്കുന്നത് വളരെ നല്ലതാണ്. സമ്പാദ്യം മുഴുവനും ഒരു ബാങ്കിൽ തന്നെ നിക്ഷേപിക്കാതെ വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നതും കൂടുതൽ സുരക്ഷിതത്വം നൽകും.കാരണം ഒരു ബാങ്കിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ ഡിഐസിജിസി ഡെപ്പോസിറ്റർ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ.

നിങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിക്കും അനുസൃതമായാണ് ബാങ്കുകൾ പലിശ നൽകുന്നത്. എന്നാൽ നിക്ഷേപകൻറ്റെ പ്രായവുമായി ഇതിന് ബന്ധമുണ്ട്. മുതിർന്ന പൌരൻമാർക്കണ് നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കുന്നത്. അതുപോലെ ഒരോ ബാങ്കിനും അവരുടെ പലിശ നിരക്കിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് ബാങ്കുകൾ തമ്മിൽ താരതമ്യം ചെയ്ത് മികച്ച ബാങ്ക് തിരഞ്ഞെടുക്കുക.

• നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപത്തിൽ നിന്നും വായ്പയെടുക്കാം എന്നതാണ് ഫിക്സിഡ് ഡിപ്പോസിറ്റുകളുടെ മറ്റൊരു പ്രത്യേകത. അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ 90 ശതമാനം വരെ ഒരാൾക്ക് വായ്പയെടുക്കാം. ഫിക്സിഡ് ഡിപ്പോസിറ്റുകളുടെ കാലാവധിക്കു തുല്യമായിരിക്കും വായ്പയുടെ കാലാവധിയും.

അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ സ്ഥിര നിക്ഷേപം പിൻവലിക്കാവുന്നതാണ്. എന്നാൽ ചില ബാങ്കുകൾ നിക്ഷേപം കാലാവധിക്ക് മുമ്പ് പിൻവലിക്കുമ്പോൾ പിഴ ഈടാക്കാറുണ്ട്. എന്നാൽ മറ്റു ബാങ്കുകൾ പിഴ ഈടാക്കുന്നില്ലെങ്കിലും ചില നിബന്ധനങ്ങൾ പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് കുറഞ്ഞ പിഴ ഈടാക്കുന്ന ബാങ്കുകൾ തിരഞ്ഞെടുക്കുക.

ഫിക്സിഡ് ഡിപ്പോസിറ്റുകൾ രണ്ടു തരമുണ്ട്. ക്യുമിലേറ്റിവ് ഡിപ്പോസിറ്റും നോൺ ക്യുമിലേറ്റിവ് ഡിപ്പോസിറ്റും. ക്യുമിലേറ്റിവ് ഡിപ്പോസിറ്റിൽ നിക്ഷേപത്തിനു ലഭിച്ച പലിശ ഒരു നിശ്ചിത ഇടവേളയിൽ നിങ്ങൾക്കു വീണ്ടും നിക്ഷേപിക്കാനാവും. കാലാവധി അവസാനിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് നിക്ഷേപവും പലിശയും തിരികെ ലഭിക്കുകയുള്ളൂ. എന്നാൽ നോൺ ക്യുമിലേറ്റീവ് ഡിപ്പോസിറ്റിൽ പലിശ പ്രതിമാസമോ അല്ലെങ്കിൽ വർഷത്തിൽ ഒരിക്കലോ നിങ്ങളുടെ അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അതുകൊണ്ട് നിക്ഷേപം നടത്തുന്നതിനു മുമ്പ് നിങ്ങൾക്ക് ഏതുതരം ഡിപ്പോസിറ്റാണ് വേണ്ടതെന്ന് തീരുമാനിക്കുക.

Advertisement