CREDIT CARDS

കിസാൻ ക്രെഡിറ്റ് കാർഡ് | എൽഐസി ക്രെഡിറ്റ് കാർഡ്

Advertisement

കൈയിൽ പണമില്ലെങ്കിലും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ നമ്മെ സഹായിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. റിവാർഡ് പോയിൻറ്റ്സ്, ഡിസ്കൌണ്ട് തുടങ്ങി ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡുകൾക്ക് ഉണ്ട്. എന്നിരുന്നാലും ഫീസും, ഉയർന്ന പലിശ നിരക്കും കാരണം പലരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാറില്ല. എന്നാൽ വാർഷിക ഫീസോ, ജോയിനിംങ് ഫീസോ ഇല്ലാതെ സൌജന്യമായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകളും ഇന്ന് ഉണ്ട്. ബാങ്കുകൾക്ക് പുറമേ ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. അത്തരം മൂന്ന് ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.

1. കിസാൻ ക്രെഡിറ്റ് കാർഡ്

കേന്ദ്ര സർക്കാരിൻറ്റെ ഒരു വായ്പ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കാർഷികാവശ്യങ്ങൾക്കായി 3 ലക്ഷം രൂപ വരെ 4 ശതമാനം പലിശ നിരക്കിൽ ലഭിക്കുന്ന ഒരു പദ്ധതിയാണിത്. സ്വന്തം ഭൂമിയുള്ളവർക്ക് കാർഡിന് അപേക്ഷിക്കാവുന്നതാണ്. കൃഷിഭവനിൽ നിന്നും ബാങ്കുകളിൽ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൌണ്ട് തുടങ്ങിയ രേഖകളും കാർഡ് ലഭിക്കുന്നതിന് ആവശ്യമാണ്.

2. എൽഐസി ക്രെഡിറ്റ് കാർഡ്

എൽഐസി ഏജൻറ്റിനോ പോളിസിയുടമകൾക്കോ ലഭിക്കുന്ന സൌജന്യ ക്രെഡിറ്റ് കാർഡാണ് എൽഐസി ക്രെഡിറ്റ് കാർഡ്. ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇത്തരം ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്. എൽഐസിയും ഐഡിബിഐ ബാങ്കുമായി ചേർന്നാണ് റുപ്പേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. പ്രോസസിംങ് ഫീസും വാർഷിക ഫീസും ആവശ്യമില്ല എന്ന് മാത്രമല്ല കാർഡ് ഉടമകൾക്ക് അപകട ഇൻഷുറൻസ് കവറേജും ലഭ്യമാണ്. കൂടാതെ ഒരു കാർഡ് എടുത്താൽ കുടുംബാംഗങ്ങൾക്ക് കൂടി ഫീസ് ഇല്ലാതെ കാർഡ് എടുക്കുവാനുള്ള സൌകര്യവും ലഭ്യമാണ്.

3. സ്ഥിരനിക്ഷേപകർക്കുള്ള ക്രെഡിറ്റ് കാർഡ്

ബാങ്കിൽ സ്ഥിരനിക്ഷേപം ഇട്ട് സൌജന്യമായി ക്രെഡിറ്റ് കാർഡ് നേടാം. നിക്ഷേപത്തുകയ്ക്ക് അനുസരിച്ച് ആയിരിക്കും കാർഡ് പരിധി വരുന്നത്. നിക്ഷേപത്തിൻറ്റെ 75 ശതമാനം മുതൽ 85 ശതമാനം വരെ കാർഡ് പരിധിയായി നൽകുന്നതാണ്.ചില ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപത്തിന്റെ 110 % വരെ ക്രെഡിറ്റ് ലിമിറ്റായി അനുവദിക്കും. സ്ഥിരനിക്ഷേപത്തിൻറ്റെ ഏറ്റവും കുറഞ്ഞ കാലാവധി 6 മാസമാണ്. കാർഡ് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ തുക സ്ഥിരനിക്ഷേപത്തിൽ നിന്നും പിടിക്കാൻ ബാങ്കുകൾക്ക് സാധിക്കുന്നതാണ്. സ്ഥിരനിക്ഷേപത്തിൻറ്റെ പലിശയ്ക്ക് പുറമേ മറ്റ് റിവാർഡുകളും ഡിസ്കൌണ്ടുകളും നേടാൻ ഈ ക്രെഡിറ്റ് കാർഡ് നമ്മെ സഹായിക്കുന്നതാണ്.

സിബിൽ സ്കോറിൻറ്റെ അടിസ്ഥാനത്തിലാണ് സാധാരണ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്. എന്നാൽ ഇത്തരം ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ സിബിൽ സ്കോറിൻറ്റെ ആവശ്യം ഇല്ല. മറ്റ് ക്രെഡിറ്റ് കാർഡുകളെപ്പോലെ തന്നെ പലതരം റിവാർഡുകളും ഓഫറുകളും ഡിസ്കൌണ്ടുകളും ഇത്തരം ക്രെഡിറ്റ് കാർഡിലും ലഭ്യമാണ്. ജോയിനിംങ് ഫീസോ വാർഷിക ഫീസോ ഇല്ലാത്തതുക്കൊണ്ട് തന്നെ കാർഡ് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്.

Advertisement