PERSONAL FINANCE

ഓണം ഷോപ്പിംഗിൽ പണം ലാഭിക്കാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Onam Shopping Tips

Advertisement

ഓണം വരാറായി. കൊവിഡ് ഒക്കെ ആണെങ്കിലും മലയാളിക്ക് ഓണം എന്നാൽ ആഘോഷം തന്നെയാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടത്തുന്നതും ഈ ഓണക്കാലത്താണ്. നിരവധി ഡിസ്കൌണ്ടുകളും ഓഫറുകളുമൊക്കെയായി വിൽപനക്കാരും ഉപഭോക്താക്കളെ ആകർഷിക്കും. വിലക്കുറവെന്ന് കേൾക്കുമ്പോഴെ എല്ലാവരും അതിനു പിന്നാലെ പോകും. ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ സാധനങ്ങളും വാങ്ങിക്കൂട്ടും. അങ്ങനെ ഓണം കഴിയുമ്പോഴേക്കും കീശ കാലിയാവുകയും ചെയ്യും.

എന്നാൽ ഓണ ഷോപ്പിംഗിനു പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കീശ കാലിയാവുന്നത് തടയാം. ഓണത്തിനു മുമ്പ് തന്നെ എല്ലാവരും ഷോപ്പിംഗ് തുടങ്ങും. അതുകൊണ്ട് മികച്ച ലാഭത്തോടെ ഷോപ്പിംഗ് നടത്താനുള്ള ചില വഴികൾ ഇതാ.

1.വില വ്യത്യാസം ശ്രദ്ധിക്കുക

ഷോപ്പിംഗ് പലർക്കും ഒരു ഹരമാണ്. ഷോപ്പിംഗിന് എത്ര സമയം വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറുമാണ്. കൈയിൽ നിന്ന് പണം ചോരുന്നത് ഇവർ അറിയുകയുമില്ല. മാളുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. സാധനങ്ങൾ ഷെൽഫിൽ അടുക്കി വച്ചിരിക്കുന്നത് കാണുമ്പോൾ ഒരു ആകർഷണം തോന്നും. അങ്ങനെ സാധനങ്ങളെല്ലാം വാങ്ങി കൂട്ടും. എന്നാൽ സാധനങ്ങൾ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സാധനങ്ങളുടെ വലുപ്പവും തൂക്കവുമൊക്കെ ഒന്നു തന്നെയാകും. എന്നാൽ വിലയിൽ വ്യത്യാസം ഉണ്ടാകും. അതുകൊണ്ട് മൂന്നോ നാലോ പാക്കറ്റ് എടുത്ത് വില തമ്മിൽ താരതമ്യം ചെയ്ത് നോക്കിയതിനു ശേഷം വാങ്ങുക.

2. ഓഫറുകളും വിൽപന തന്ത്രവും

സൌജന്യം എന്നു കേട്ടാൽ അതിനു പിന്നാലെ പായുന്നവരാണ് കൂടുതൽ പേരും. ഒന്നെടുത്താൽ മറ്റൊന്ന് സൌജന്യം അല്ലെങ്കിൽ രണ്ട് എണ്ണത്തിൻറ്റെ വിലയ്ക്ക് മൂന്നെണ്ണം എന്നൊക്കെ നമ്മൾ കേൾക്കാറുണ്ട്. ഒരു ബിസിനസ്സ് ഉടമകളും സൌജന്യമായി ഒന്നും വിൽക്കുകയില്ല. ആളുകളെ ആകർഷിക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. ഇതൊരു വിൽപന തന്ത്രം മാത്രമാണ്. ചിലപ്പോൾ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനു വേണ്ടിയാകും ഇത്തരം ഓഫറുകൾ നൽകുന്നത്. സ്റ്റോക്ക് നില ഉയർന്നിരിക്കുന്നത് ഒരു ബിസിനസ്സിനും നല്ലതല്ല. അപ്പോൾ ഇത്തരം ഓഫറുകൾ നൽകും. അങ്ങനെ താത്പര്യമില്ലാത്തവർ പോലും ഇത്തരം തന്ത്രങ്ങളിൽ വീഴും. ഓഫർ ഇല്ലാത്ത സമയങ്ങളിലെ വിപണി വില കൂടി അറിഞ്ഞതിനു ശേഷം വേണം ഓണക്കാലത്ത് ഷോപ്പിംഗിനിറങ്ങാൻ.

3. ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കുക

ഒരു ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കിയതിനു ശേഷം മാത്രം ഷോപ്പിംഗിന് ഇറങ്ങുന്നതാണ് കൂടുതൽ നല്ലത്. ലിസ്റ്റിൽ ഇല്ലാത്ത സാധനങ്ങൾ ഒന്നും വാങ്ങുകയില്ലെന്ന് മുൻകൂട്ടി തീരുമാനിക്കുകയും ചെയ്യുക. ഇതു തന്നെയാണ് ഓണം ഷോപ്പിംഗിൽ പണം ലാഭിക്കാനുള്ള ഏറ്റവും മികച്ച വഴി.

4. ഓഫറുകൾ താരതമ്യം ചെയ്യുക

ഓണക്കാലത്ത് ഒട്ടേറെ കമ്പനികളും ഷോപ്പിംഗ് ബ്രാൻഡുകളും മികച്ച ഓഫറുകൾ നൽകും. എന്നാൽ വിവിധ കമ്പനികളുടെ ഓഫറുകൾ തമ്മിൽ താരതമ്യം ചെയ്തതിനു ശേഷം മാത്രമേ സാധനങ്ങൾ വാങ്ങിക്കാവൂ. ഇങ്ങനെ വാങ്ങുമ്പോൾ സാധനങ്ങളുടെ ഗുണമേന്മ കൂടി പരിശോധിക്കണം. പ്രത്യേകിച്ച് ഇലക്ട്രിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങുമ്പോൾ. ഓൺലൈനായാണ് വാങ്ങുന്നത് എങ്കിൽ സ്റ്റാർ റേറ്റിംഗ്, കമൻറ്റുകൾ എന്നിവ കൂടി പരിശോധിക്കുക. അങ്ങനെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങൾ നിങ്ങൾക്കു ലഭിക്കും.

5.ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും

ഓണം പോലുള്ള ഫെസ്റ്റിവൽ സീസണിൽ ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ച് നടത്തുന്ന ഷോപ്പിംഗുകൾക്ക് വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തുക. ക്യാഷിനു പകരം ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് പേയ്മൻറ്റ് നടത്തുക.

Advertisement