INVESTMENT

പിഴയില്ലാതെ സ്ഥിരനിക്ഷേപം പിൻവലിക്കാം എസ്ബിഐയുടെ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമിലൂടെ

Advertisement

മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ചു കൂടുതൽ സുരക്ഷിത്വം നൽകുന്നവയാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. ഇപ്പോൾ എല്ലാ ബാങ്കുകളിലും വിവിധതരം സ്ഥിരനിക്ഷേപ പദ്ധതികൾ ലഭ്യമാണ്.ഒരു നിശ്ചിത കാലാവധിയിലേക്ക് ഇടുന്ന ഫിക്സഡ് ഡെപ്പോസിറ്റ് ഇടക്ക് വെച്ച് ബ്രെക്ക് ചെയ്താൽ പിഴ നൽകേണ്ടി വരും.അതിനൊരു പരിഹാരമാണ് എസ്ബിഐയുടെ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നിക്ഷേപകർക്ക് തുക പിൻവലിക്കാം എന്നതാണ് ഈ സ്കീമിൻറ്റെ ഏറ്റവും വലിയ പ്രത്യേകത.

മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം (എസ്ബിഐ എംഒഡിഎസ്)

പിഴയില്ലാതെ ആവശ്യസമയത്ത് സ്ഥിര നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്ന എസ്ബിഐയുടെ ഡെപ്പോസിറ്റ് സ്കീമാണ് എസ്ബിഐ എംഒഡിഎസ് അഥവാ എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം. ഈ സ്കീം പ്രകാരം നിങ്ങളുടെ സ്ഥിരനിക്ഷേപത്തെ സേവിംങ് അക്കൌണ്ട്, കറൻറ്റ് അക്കൌണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പിൻവലിക്കാവുന്നതാണ്. ഇതുവഴി പിഴയില്ലാതെ പണം എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കുന്നതാണ്.

യോഗ്യത

ഇന്ത്യൻ പൌരന്മാർക്ക് ഈ സ്കീമിൽ ചേരാവുന്നതാണ്. കൂടാതെ സർക്കാർ സ്ഥാപനങ്ങൾക്കും, ഹിന്ദു അഭിവക്ത കുടുംബത്തിനും, കമ്പനികൾക്കും, പ്രായപൂർത്തിയാകാത്തവർക്കും ഈ സ്കീമിൽ ചേരാനാകും. വ്യക്തിഗത അക്കൌണ്ടുകൾ മാത്രമല്ല ജോയിൻറ്റ് അക്കൌണ്ടുകളും ആരംഭിക്കാവുന്നതാണ്.

നോമിനേഷൻ

മറ്റ് ബാങ്ക് അക്കൌണ്ടുകളിലെ പോലെ തന്നെ എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമിലും നോമിനേഷൻ സൌകര്യം ഉണ്ടായിരിക്കും.

കാലാവധി

1 വർഷം മുതൽ 5 വർഷം വരെയാണ് നിക്ഷേപത്തിൻറ്റെ കാലാവധി.

പലിശ നിരക്ക്

സാധാരണ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കാണ് എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമിനും നൽകുന്നത്. 2 വർഷത്തിൽ കുറവ് കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനമാണ് എസ്ബിഐ നൽകുന്ന പലിശ നിരക്ക്. 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനവും 3 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.6 ശതമാനവുമാണ് സാധാരണ നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൌരന്മാർക്ക് 0.50 ശതമാനം വരെ ഉയർന്ന പലിശ നിരക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിൻവലിക്കൽ

100 ൻറ്റെ ഗുണിതങ്ങളായി അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്. നിക്ഷേപം പിൻവലിക്കുന്നതിന് പരിധിയില്ല. ബാങ്ക് ശാഖയിൽ നേരിട്ടെത്തിയോ എടിഎം വഴിയോ ചെക്ക് ഉപയോഗിച്ചോ പണം പിൻവലിക്കാവുന്നതാണ്. അക്കൌണ്ടിലെ ബാലൻസ് തുകയ്ക്ക് നിശ്ചിത നിരക്കിൽ പലിശ ലഭിക്കുന്നതാണ്.

നിബന്ധനകൾ

എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമിൽ സ്ഥിരനിക്ഷേപവുമായി ബന്ധിപ്പിക്കുന്ന സേവിംങ് അല്ലെങ്കിൽ കറൻറ്റ് അക്കൌണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതാണ്. കൂടാതെ സാധാരണ സ്ഥിരനിക്ഷേപങ്ങളിലെപ്പോലെ തന്നെ ടിഡിഎസും ഈടാക്കുന്നതാണ്. പലിശ 40000 രൂപയ്ക്ക് മുകളിലാണെങ്കിലാണ് ടിഡിഎസ് കട്ട് ചെയ്യുന്നത്. 50000 രൂപയ്ക്ക് മുകളിലാണെങ്കിൽ മുതിർന്ന പൌരന്മാർക്കും ടിഡിഎസ് ബാധകമാകും. 15ജി/15എച്ച് ഫോം സമർപ്പിക്കുന്നത് വഴി ടിഡിഎസ് ബാധ്യത ഒഴിവാക്കാൻ സാധിക്കുന്നതാണ്.

Advertisement