BANKING

പ്രവാസി അക്കൌണ്ടുകൾക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ ഇവയാണ്

Advertisement

പ്രവാസികളായ ഇന്ത്യക്കാർക്ക് പ്രധാനമായും രണ്ട് തരം ബാങ്ക് അക്കൌണ്ടുകളാണ് ഉള്ളത്. എൻആർഇ അക്കൌണ്ട് അഥവാ നോൺ റസിഡൻറ്റ് എക്സ്റ്റേണൽ അക്കൌണ്ടും എൻആർഒ അക്കൌണ്ട് അഥവാ നോൺ റസിഡൻറ്റ് ഓർഡിനറി അക്കൌണ്ടും. വിദേശ കറൻസി നിക്ഷേപിക്കുന്നതിന് ആവശ്യമായ അക്കൌണ്ട് ആണ് എൻആർഇ അക്കൌണ്ട്. സാധാരണയുള്ള പേയ്മൻറ്റ് സംവിധാനത്തിനായാണ് എൻആർഒ അക്കൌണ്ടുകൾ ഉപയോഗിക്കുന്നത്. വിദേശ കറൻസികൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റാനും ഈ അക്കൌണ്ട് ഉപയോഗിക്കാം. എൻആർഒ അക്കൌണ്ടുകൾക്ക് നികുതി ബാധകമാണ്. എന്നാൽ എൻആർഇ അക്കൌണ്ട് നികുതി ഈടാക്കാത്ത അക്കൌണ്ട് ആണ്. ഇനി നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും അധികം പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

യെസ് ബാങ്ക്

നിലവിൽ എൻആർഇ, എൻആർഒ അക്കൌണ്ടുകൾക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകളിൽ ഒന്നാണ് യെസ് ബാങ്ക്. 6.5 ശതമാനം ആണ് യെസ് ബാങ്ക് തങ്ങളുടെ നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 3.25 ശതമാനം ആണ്. എന്നാൽ ഒരു വർഷത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നവർക്ക് 5.75 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. 7 മുതൽ 14 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലും പരമാവധി 10 വർഷം വരെയും നിക്ഷേപം നടത്താം.

ആർബിഎൽ ബാങ്ക്

പ്രവാസികൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്ക് ആണ് ആർബിഎൽ ബാങ്ക്. എൻആർഇ, എൻആർഒ അക്കൌണ്ടുകൾക്ക് 6.3 ശതമാനം പലിശ നിരക്കാണ് ആർബിഎൽ ബാങ്ക് നൽകുന്നത്. മൂന്നു വർഷം മുതൽ ആറ് വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് 6.3 ശതമാനം പലിശ ലഭിക്കുന്നത്. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയും ലഭിക്കും. 10 വർഷം മുതൽ 20 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയാണ് ആർബിഎൽ ബാങ്ക് നൽകുന്നത്. അതേസമയം ടാക്സ് സേവിംഗ് നിക്ഷേപങ്ങൾക്കും ഇതേ പലിശ നിരക്ക് തന്നെയാണ് ബാങ്ക് നൽകുന്നത്.

ഇൻഡസ് ഇൻഡ് ബാങ്ക്

രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആറു ശതമാനം വരെ പലിശ നൽകുന്ന ബാങ്ക് ആണ് ഇൻഡസ്ഇൻഡ് ബാങ്ക്. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. 61 മാസവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. കൂടാതെ ഒരു വർഷത്തിനു മുകളിലുള്ള വിവിധ തരം നിക്ഷേപങ്ങൾക്ക് ആറു ശതമാനം വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

സൌത്ത് ഇന്ത്യൻ ബാങ്ക്

എൻആർഇ, എൻആർഒ അക്കൌണ്ടുകൾക്ക് ഉയർന്ന പലിശ നൽകുന്ന മറ്റൊരു ബാങ്ക് ആണ് സൌത്ത് ഇന്ത്യൻ ബാങ്ക്. അഞ്ചു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.65 ശതമാനം പലിശയാണ് സൌത്ത് ഇന്ത്യൻ ബാങ്ക് നൽകുന്നത്. 7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനം നിരക്കിലും പലിശ ലഭിക്കും.

NB : ഇതൊരു അഡ്വൈസ് അല്ല .പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ അറിവ് നൽകുന്നതിനായി ഉള്ള പോസ്റ്റ് മാത്രം ആണ്

Advertisement