LOAN

ലോൺ എടുത്ത വ്യക്ത്തി മരിച്ചാൽ എന്ത് സംഭവിക്കും ? വായ്പ തുടർന്ന് അടക്കണമോ ?

Advertisement

സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി വായ്പകൾ എടുക്കുന്നവരാണ് നാം എല്ലാവരും. പല തരത്തിലുള്ള വായ്പകൾ ഇന്ന് ലഭ്യമാണ്. ബാങ്കുകൾക്ക് പുറമേ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും, വ്യക്തികളുമെല്ലാം വായ്പകൾ നൽകുന്നവരാണ്. വായ്പ ലഭിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ജാമ്യം. വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാൽ വായ്പക്ക് ജാമ്യം നിന്ന വ്യക്തി , വായ്പയുടെ കൊ അപേക്ഷകൻ, എന്നിവരിൽ നിന്ന് വായ്പ തുക ഈടാക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ട്. വായ്പകളുടെ സ്വഭാവമനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്. ഓരോ വായ്പകൾക്കും കുടിശ്ശിക പിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

1. ഭവന വായ്പ

ഭവന വായ്പയുടെ കാര്യത്തിൽ വായ്പ എടുത്തയാൾ മരണപ്പെട്ടാൽ കുടിശ്ശിക അടയ്ക്കേണ്ട ഉത്തരവാദിത്വം അയാളുടെ സഹ അപേക്ഷകന് ഉണ്ട് . ഭവന വായ്പകൾ നൽകുമ്പോൾ ഒരു സഹ അപേക്ഷകൻ നിർബന്ധമാണ്. ദീർഘകാല വായ്പ ആയതിനാൽ മതിയായ ജാമ്യം ഉണ്ടെങ്കിൽ മാത്രമേ ഭവന വായ്പകൾ ലഭിക്കൂ. വായ്പക്കാരിൽ ഒരാൾ മരിച്ചാൽ സഹ അപേക്ഷകൻ ആ വിവരം ബാങ്കിനെ അറിയിക്കണം. ഇതോടെ മരണപ്പെട്ട വായ്പക്കാരൻറ്റെ പേര് ഒഴിവാക്കുകയും കുടിശ്ശിക അടയ്ക്കാനുള്ള ബാധ്യത സഹ അപേക്ഷകരിലേക്ക് മാറ്റുകയും ചെയ്യും. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തു ലേലം ചെയ്ത് കുടിശ്ശിക ഈടാക്കാനും ബാങ്കുകൾക്ക് അവകാശമുണ്ട്.

2. വിദ്യാഭ്യാസ വായ്പ

മതിയായ ഈടും, ജാമ്യവുമില്ലാതെ വിദ്യാഭ്യാസ വായ്പകൾ ബാങ്കുകൾ നൽകാറില്ല. വായ്പ എടുത്തയാൾ മരിച്ചാൽ മാതാപിതാക്കൾക്ക് ഉൾപ്പെടെയുള്ള ജാമ്യക്കാർക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയുണ്ട്. ചിലപ്പോൾ സർക്കാർ ഇടപെട്ട് വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശികകൾ എഴുതിത്തളളാറുമുണ്ട്.

3. വ്യക്തിഗത വായ്പ

ഈടില്ലാതെ ലഭിക്കുന്ന ഹ്രസ്യകാല വായ്പയാണ് വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോൺ. ഇത്തരം വായ്പകൾ ലഭിക്കുന്നതിന് പൊതുവേ ജാമ്യം ആവശ്യമില്ല. അതുക്കൊണ്ട് തന്നെ വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാൽ വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാൻ നിയമപരമായ അവകാശികൾ ആരുമില്ല. ഇത്തരം സന്ദർഭങ്ങളിൽ വായ്പ കൊടുത്തയാൾ കുടിശ്ശിക എഴുതിത്തള്ളുകയാണ് പതിവ്.

4. ക്രെഡിറ്റ് കാർഡ്

എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ നൽകുന്നവരാണ്. ഒരാളുടെ സാമ്പത്തികശേഷി അടിസ്ഥാനമാക്കിയാണ് സാധാരണ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്. ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് ജാമ്യം ആവശ്യമില്ല. അതുക്കൊണ്ട് തന്നെ കാർഡ് ഹോൾഡർ മരിച്ചാൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക എഴുതിത്തള്ളാൻ ബാങ്കിന് ബാധ്യതയുണ്ട്. ഇത്തരം ബാധ്യതകൾ ഒഴിവാക്കുന്നതിനായി ക്രെഡിറ്റ് കാർഡ് നൽകുമ്പോൾ ഉപഭോക്താവിന് ഇൻഷുറൻസ് പോളിസ് ഉണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കാറുണ്ട്.

5. വാഹന വായ്പ

വാഹന വായ്പകൾക്കും സാധാരണ ജാമ്യക്കാരൻ ആവശ്യമാണ്. കുടിശ്ശിക നിലനിൽക്കേ വായ്പക്കാരൻ മരിച്ചാൽ കുടിശ്ശിക മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കോ ജാമ്യക്കാരനോ അടയ്ക്കാവുന്നതാണ്. അല്ലെങ്കിൽ വാഹനം ലേലം ചെയ്ത് കുടിശ്ശിക ഈടാക്കാൻ വായ്പ ദാതാവിന് അവകാശമുണ്ട്.

വായ്പ എടുത്തയാൾ മരിച്ചാലും കുടിശ്ശിക വരാതെ കൃത്യമായി പണം അടയ്ക്കാൻ സഹായിക്കുന്ന ഒരു വഴിയാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ. പലപ്പോഴും ലൈഫ് ഇൻഷുറൻസ് പോളിസികൾ ഇല്ലാത്തവർക്ക് ബാങ്കുകൾ വായ്പ നൽകാറില്ല. ലൈഫ് ഇൻഷുറൻസ് ഉള്ള ഒരാൾ മരിച്ചാൽ നോമിനിക്ക് ഇൻഷുറൻസ് ക്ലെയിം ലഭിക്കുകയും ഈ തുക വായ്പ കുടിശ്ശിക അടയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. മുഴുവൻ കുടിശ്ശിക അടയ്ക്കുന്നതിന് ഇൻഷുറൻസ് ക്ലെയിം ലഭ്യമല്ലെങ്കിൽ നിയമപരമായ അവകാശികൾക്കോ കുടുംബാംഗങ്ങൾക്കോ തിരിച്ചടയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഈട് ലേലം ചെയ്ത് കുടിശ്ശിക അടയ്ക്കാനും സാധിക്കും.

Advertisement