Advertisement

കൊവിഡ് 19 ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടോ? എങ്ങനെ എളുപ്പത്തിൽ പരാതിപ്പെടാം

നമ്മുടെ ജീവന് എപ്പോഴും സംരക്ഷണം നൽകുന്നവയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. കൊവിഡ് പോലുള്ള മഹാമാരികൾ രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടതും അത്യാവശ്യമാണ്. രാജ്യത്തുടനീളം കൊവിഡ് കേസുകൾ വർദ്ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻഗണനാടിസ്ഥാനത്തിൽ കൊവിഡ് രോഗികളുടെ ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കണമെന്നാണ് ഐആർഡിഎഐ ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ധേശം.

Advertisement

ജനറൽ ഇൻഷുറൻസ് കൌൺസിൽ പുറത്ത് വിട്ട കണക്കനുസരിച്ച് 2021 ഓഗസ്റ്റ് 6 വരെ ഏകദേശം 29341 കോടി രൂപയുടെ 23.06 ലക്ഷം ക്ലെയിമുകളാണ് ലഭിച്ചത്. അതിൽ 18.99 ലക്ഷം ക്ലെയിമുകൾ ഉൾപ്പെടുന്ന 17813 കോടി രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകുകയും ചെയ്തു. എന്നിരുന്നാലും ധാരാളം ആളുകളുടെ ക്ലെയിം നിരസിക്കുകയും ചെയ്തു. ശരിയായ ഡോക്യൂമെൻറ്റേഷൻ, കാത്തിരിപ്പ് കാലയളവ് എന്നിവയുടെ അഭാവത്തിലാണ് കൂടുതൽ ക്ലെയിം നിരസിക്കപ്പെട്ടത്. നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാണ് നിങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. സാധാരണ കൊവിഡ് 19 ഇൻഷുറൻസ് കവറേജിന് പരിഗണിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ ഇൻഷ്വർ ചെയ്ത തുക ഒറ്റത്തവണയായി ലഭിക്കുന്നതാണ്. ഇനി സർക്കാർ സ്ഥാപനത്തിൽ ക്വാറൻറ്റീനിൽ ഏർപ്പെട്ടാൽ ഇൻഷുറൻസ് തുകയുടെ 50 ശതമാനം ലഭിക്കുന്നതാണ്. രോഗനിർണ്ണയം നെഗറ്റീവ് ആയാലും ഈ ആനുകൂല്യം ലഭ്യമാണ്. ചില കൊവിഡ് 19 ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ ആശുപത്രി ചിലവുകൾ ലഭിക്കുന്നതാണ്. ഗാർഹിക ചികിത്സ നടത്തുന്നവർക്കും ചില ഇൻഷുറൻസ് കമ്പനികൾ കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. മിക്ക കൊവിഡ് 19 ഇൻഷുറൻസ് പദ്ധതികൾക്കും 15 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ബാധകമാണ്. ഇൻഷുറൻസ് തുകയും പ്രീമിയവും നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന പോളിസിക്ക് അനുസരിച്ച് വ്യത്യസ്തമാണ്.

ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും ക്ലെയിം നിരസിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് കാരണങ്ങൾ അന്വേഷിക്കേണ്ടതും വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണ്. അപര്യാപ്തമായ ബില്ലുകളോ രേഖകളോ കാരണം ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുകയാണെങ്കിൽ മതിയായ രേഖകൾ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിച്ച് പരാതി പരിഹരിക്കാവുന്നതാണ്.

ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്നതിന് എതിരെ പോളിസി ഹോൾഡർക്ക് ഇൻഷുറൻസ് കമ്പനിയുടെ പരാതി സമിതിയിൽ പരാതിപ്പെടാവുന്നതാണ്. പരാതി സമർപ്പിക്കുന്നതിന് ഒരു നിശ്ചിത സമയപരിധി ഇല്ലെങ്കിലും ക്ലെയിം നിരസിക്കപ്പെട്ട് 3 വർഷത്തിനുള്ളിൽ പരാതി സമർപ്പിച്ച് പരിഹാരം കാണേണ്ടതാണ്.ഇനി ഇൻഷുറൻസ് കമ്പനിയിൽ നിന്നും മതിയായ പരിഹാരം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഇൻഷുറൻസ് കമ്പനിയുടെ പരാതി സമിതി ക്ലെയിം നിരസിച്ച തിയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഓംബുഡ്സ്മാനെ സമീപിക്കേണ്ടതാണ്.

ഓംബുഡ്സ്മാൻ നൽകുന്ന പരിഹാരം നിങ്ങൾക്ക് സ്വീകാര്യമല്ലാത്ത സാഹചര്യത്തിൽ നിങ്ങൾക്ക് ഉപഭോക്തൃ കോടതിയിൽ പരാതിപ്പെടാവുന്നതാണ്. ഓംബുഡ്സ്മാനെ സമീപിച്ച് 2 വർഷത്തിനുള്ളിൽ കോടതിയിൽ പരാതി സമർപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ പരാതി നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.ഇതിനുപുറമേ ഉപഭേക്താകൾക്ക് ഓൺലൈനായും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനായി ഐആർഡിഐയുടെ ഇൻറ്റഗ്രേറ്റഡ് ഗ്രീവൻസ് മാനേജ്മെൻറ്റ് സിസ്റ്റം (ഐജിഎംഎസ്) എന്ന പോർട്ടലിൽ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഐജിഎംഎസിൽ സമർപ്പിക്കുന്ന പരാതികൾ ഐആർഡിഐ നേരിട്ട് നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതാണ്.

ഐആർഡിഎഐ ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ധേശമനുസരിച്ച് മതിയായ രേഖകൾ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ഇൻഷുറൻസ് ക്ലെയിം നൽകുകയോ അല്ലെങ്കിൽ ക്ലെയിം നിരസിച്ച വിവരം ഉപഭോക്താവിനെ അറിയിക്കേണ്ടതുമാണ്. ഇനി ക്ലെയിം നിരസിച്ച് 30 ദിവസത്തിനുള്ളിൽ മതിയായ അന്വേഷണം നടത്തേണ്ടതും 45 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് തുക നൽകേണ്ടതുമാണ്. ഇൻഷുറൻസ് തുക നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഉപഭോക്താകൾക്ക് നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്