Advertisement

ജോബ് ഇൻഷുറൻസ്; അറിയേണ്ടതെല്ലാം

വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം എന്നിവപോലെ നമ്മുടെ രാജ്യത്ത് നേരിടുന്ന വലിയൊരു പ്രശ്നമാണ് തൊഴിലില്ലായ്മ. കൊവിഡ് മഹാമാരി മൂലം പലർക്കും ജോലി നഷ്ടപ്പെടുകയും പുതിയൊരു ജോലി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ നമ്മുടെ ജോലിയ്ക്കും നമുക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാവുന്നതാണ്.അതിനാണ് ജോബ് ഇൻഷുറൻസുകൾ.

Advertisement

ജോബ് ഇൻഷുറൻസ്

ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഒരു നിശ്ചിത കാലാവധി വരെ സാമ്പത്തിക സഹായം ലഭിക്കുന്ന ഇൻഷുറൻസ് സ്കീമാണ് ജോബ് ഇൻഷുറൻസ്. ഇന്ത്യയിൽ പ്രധാനമായും അപകടങ്ങളോ അസുഖങ്ങളോ മൂലം ജോലി നഷ്ടപ്പെടുന്നവർക്കാണ് ജോബ് ഇൻഷുറൻസ് കവറേജ് ലഭിക്കുക. സ്വന്തം തെറ്റ് മൂലം ജോലി നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമല്ല.

ഇന്ത്യയിൽ മറ്റ് ഇൻഷുറൻസിനൊപ്പം ജോബ് ഇൻഷുറൻസും എടുക്കാവുന്നതും പ്രീമിയം അടയ്ക്കാവുന്നതുമാണ്. ജോബ് ഇൻഷുറൻസ് മാത്രമായി എടുക്കാൻ സാധിക്കുകയില്ല. ഗുരുതരമായ രോഗങ്ങൾക്കുള്ള ഇൻഷുറൻസിൻറ്റെ കൂടെയോ ഹോം ലോൺ പ്രൊട്ടക്ഷനോാപ്പമോ ജോബ് ഇൻഷുറൻസ് എടുക്കാവുന്നതാണ്.

ഇന്ത്യയിൽ പ്രധാനമായും ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ജോബ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. ഐ ടി കമ്പനികളിൽ പെട്ടന്ന് ജോലിയിൽ നിന്ന് പിരിച്ച് വിടുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ മതിയായ അന്വേഷണങ്ങൾക്ക് ശേഷം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

യോഗ്യത

മാസ ശമ്പളമുള്ള വ്യക്തികൾക്കാണ് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. ഇൻഷുറൻസ് എടുക്കുന്ന വ്യക്തി ജോലി ചെയ്യുന്ന കമ്പനി അല്ലെങ്കിൽ സ്ഥാപനം രജിസ്റ്റർ ചെയ്ത് നിയമവിധേയമായി പ്രവർത്തിക്കുന്ന ഒന്നായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ജോബ് ഇൻഷുറൻസ് ലഭ്യമല്ല.

പ്രീമിയം

ജോബ് ഇൻഷുറൻസ് പോളിസിയിൽ പ്രീമിയം പോളിസി ഹോൾഡർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. സാധാരണ പോളിസി തുകയുടെ 3 മുതൽ 5 ശതമാനം വരെ പ്രീമിയം തുകയായി പരിഗണിക്കുന്നതാണ്.

കവറേജ്

നിലവിലുള്ള ശമ്പളത്തിൻറ്റെ 50 ശതമാനം വരെ ജോബ് ഇൻഷുറൻസ് കവറേജ് ആയി ലഭിക്കുന്നതാണ്.

നിബന്ധനകൾ

മറ്റ് ഇൻഷുറൻസ് പോളിസികൾ പോലെതന്നെ ജോബ് ഇൻഷുറൻസും ചില നിബന്ധനകൾക്ക് വിധേയമാണ്. അതിൽ പ്രധാനമായും മാസശമ്പളമുള്ള വ്യക്തികൾക്കാണ് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക എന്നതാണ്. പ്രൊബേഷൻ കാലയളവിൽ ജോലി നഷ്ടപ്പെട്ടാലോ സ്വമേധയാ വിരമിക്കുകയോ ചെയ്താലും ജോബ് ഇൻഷുറൻസ് ലഭിക്കുകയില്ല. കൂടാതെ സസ്പെൻഷൻ, പിരിച്ച് വിടൽ തുടങ്ങിയ സാഹചര്യങ്ങളിലും ഈ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമല്ല. നിലവിലുള്ള അസുഖങ്ങൾ മൂലം ജോലി നഷ്ടപ്പെട്ടാലും ഇൻഷുറൻസ് കവറേജ് ലഭ്യമല്ല.

ജോബ് ഇൻഷുറൻസ് നൽകുന്ന ഇൻഷുറൻസ് കമ്പനികൾ

ഇന്ത്യയിൽ മറ്റ് ഇൻഷുറൻസ് പോളിസികൾക്ക് ഒപ്പമാണ് ജോബ് ഇൻഷുറൻസ് ലഭിക്കുക. എച്ച് ഡി എഫ് സി എർഗോയുടെ ഹോം സുരക്ഷ പ്ലാൻ, റോയൽ സുന്ദരം സേഫ് ലോൺ ഷീൽഡ്, ഐ സി ഐസി ഐ ലൊംബാർഡ് സെക്യൂർ മൈൻഡ് എന്നീ ഇൻഷുറൻസ് പോളിസികൾക്കൊപ്പം ജോബ് ഇൻഷുറൻസും ലഭ്യമാണ്.

രേഖകൾ

ജോബ് ഇൻഷുറൻസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ:
• ക്ലെയിം ഫോം
• കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള സ്ലിപ്
• ഫോം 16
• ജോലി നഷ്ടപ്പെട്ടതിൻറ്റെ കാരണം കാണിക്കുന്ന രേഖകൾ
• തൊഴിലുടമയുടെ വിവരങ്ങൾ
• തിരിച്ചറിയൽ രേഖകൾ

നമുക്ക് എപ്പോഴും സുരക്ഷിതത്വം നൽകുന്നവയാണ് ഇൻഷുറൻസ് പോളിസികൾ. ജോലി നഷ്ടപ്പെടുന്നത് വഴി പെട്ടന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ എളുപ്പത്തിൽ നേരിടാൻ ജോബ് ഇൻഷുറൻസ് നമ്മെ സഹായിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്