Advertisement

മാസം 3000 രൂപ വീതം നിക്ഷേപിക്കാൻ പിപിഎഫോ എൻപിഎസോ ? | PPF Vs NPS

PPF Vs NPS

Advertisement

രണ്ട് ദീർഘകാല നിക്ഷേപ പദ്ധതികളാണ് പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻറ്റ് ഫണ്ട്, എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റം. എൻപിഎസ് ഒരു റിട്ടയർമെൻറ്റ് സമ്പാദ്യ പദ്ധതിയാണ്. നിക്ഷേപ കാലാവധി ഉയർത്തുകയാണെങ്കിൽ പിപിഎഫും ഒരു റിട്ടയർമെൻറ്റ് സമ്പാദ്യ പദ്ധതിയായി മാറ്റാവുന്നതാണ്.

പിപിഎഫ്

100 ശതമാനം ഡെബ്റ്റ് ഫണ്ടായ പിപിഎഫ് കേന്ദ്ര സർക്കാരിൻറ്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയാണ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ പിപിഎഫ് അക്കൌണ്ട് ആരംഭിക്കാം. ഒരു പിപിഎഫ് അക്കൌണ്ട് തുടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും കുറഞ്ഞ പ്രായപരിധി 18 വയസ്സുമാണ്. നിക്ഷേപകർക്ക് തങ്ങളുടെ പിപിഎഫ് നിക്ഷേപത്തിൽ നിന്നും 25 % വരെ ലോൺ എടുക്കാനും സാധിക്കും. 36 മാസത്തിനുള്ളിൽ ലോൺ തിരിച്ചടക്കേണ്ടതുമാണ്. ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി സെക്ഷൻ 80c പ്രകാരം നികുതി ഇളവ് ലഭിക്കും. പിപിഎഫിൻറ്റെ മെച്യൂരിറ്റി പീരിയഡ് 15 വർഷമാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് പിപിഎഫ് അക്കൌണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അപേക്ഷ സമർപ്പിച്ച് കാലാവധി ഉയർത്താൻ സാധിക്കും. 5 വർഷങ്ങളുടെ സ്ളോട്ടായി കാലാവധി ഉയർത്താം. 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്. പിപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന മുഴുവൻ പലിശയും നികുതി രഹിതമാണ്. 7.1 % പലിശ നിരക്കിൽ 30 വർഷത്തേക്ക് പ്രതിമാസം 3000 രൂപ വീതം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 37,08,219 രൂപ ലഭിക്കും.

എൻപിഎസ്

ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് എൻപിഎസ്. ഡെബ്റ്റിൻറ്റെയും ഇക്വിറ്റിയുടെയും മിശ്രണമാണിത്. ഉയർന്ന റിസ്ക്ക് എടുക്കാൻ താൽപര്യമുള്ളവർക്കാണ് ഈ പദ്ധതി കൂടുതൽ അനുയോജ്യം. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാം. പൊതുമേഖലയിലും, സ്വകാര്യമേഖലയിലും, അസംഘടിത മേഖലയിലുള്ളവർക്കും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇന്ത്യൻ പൌരന്മാർക്കും എൻപിഎസ് നിക്ഷേപ പദ്ധതിയിൽ ചേരാൻ സാധിക്കും. പിപിഎഫിലെ പോലെ തന്നെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവ് എൻപിഎസിലും ലഭിക്കും. അതുപോലെ തന്നെ നിക്ഷേപത്തിൻറ്റെ 20 ശതമാനം പിൻവലിക്കാനും സാധിക്കും. 9% മുതൽ 12% വരെയാണ് എൻപിഎസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്. എൻപിഎസിൻറ്റെ മറ്റൊരു പ്രത്യേകത മെച്യൂരിറ്റി പീരിഡ് ഇല്ല എന്നതാണ്. നിക്ഷേപകന് 60 വയസ്സാകുമ്പോൾ എൻപിഎസ് നിക്ഷേപത്തിൻറ്റെ 60% പിൻവലിക്കാം. ബാക്കി 40% പെൻഷനായി ലഭിക്കും. എൻപിഎസിൽ 30 വർഷത്തേക്ക് 3000 രൂപ വീതം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക ഏകദേശം 41,02,786 രൂപയാണ്. കൂടാതെ ഓരോ മാസവും 13676 രൂപ പെൻഷനായും ലഭിക്കും.

കേന്ദ്ര സർക്കാരിൻറ്റെ പദ്ധതിയായതുക്കൊണ്ട് തന്നെ പിപിഎഫ് നിക്ഷേപങ്ങൾ സുരക്ഷിതമാണ്. എന്നാൽ റിസ്ക്ക് എടുക്കാൻ താൽപര്യമുള്ളവർക്ക് പിപിഎഫിനെക്കാൾ അനുയോജ്യം എൻപിഎസ് നിക്ഷേപ പദ്ധതിയാണ്. കാരണം ഉയർന്ന മെച്യൂരിറ്റി തുകയോടൊപ്പം പ്രതിമാസ പെൻഷനും എൻപിഎസ് നിക്ഷേപകർക്ക് ലഭിക്കും. പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി കുറഞ്ഞത് 15 വർഷമാണ്. എന്നാൽ എൻപിഎസിൽ നിക്ഷേപകന് 60 വയസ്സാകുമ്പോഴേ കാലാവധി പൂർത്തിയാകൂ. അതുക്കൊണ്ട് നിക്ഷേപ പദ്ധതികൾ നിങ്ങളുടെ ചിലവുകൾക്കനുസരിച്ച് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്