Advertisement

കടക്കെണിയിൽ അകപ്പെട്ടോ ? എങ്കിൽ കടബാദ്ധ്യതയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം

കൊവിഡും ലോക്ക്ഡൌണുമെല്ലാം പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാത്രമല്ല ജോലി നഷ്ടപ്പെട്ടവരും ഏറെയാണ്. ജോലി കൂടി ഇല്ലാതാകുമ്പോൾ ദൈനംദിന ചിലവുകൾക്കു പോലും കടം വാങ്ങിക്കേണ്ടി വന്നവരാണ് പലരും. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടി ക്രെഡിറ്റ് കാർഡുകളെയും മറ്റു വായ്പ മാർഗ്ഗങ്ങളെയും ആശ്രയിച്ച ഒരുപാട് പേരുണ്ട്. എന്നാൽ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നപ്പോൾ കടം പെരുകി ഭീമമായ ഒരു തുകയായി തീർന്നിട്ടുണ്ടാകും.

Advertisement

കടക്കെണിയിൽ ആകുന്നതിനുള്ള മറ്റൊരു കാരണം സമ്പാദിക്കുന്നതിലേറെ ചിലവാക്കുന്നതാണ്. ഒന്നും ആലോചിക്കാതെ ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ വാങ്ങികൂട്ടും. അനാവശ്യ ചിലവുകളിൽ നിയന്ത്രണം കൊണ്ടു വന്നാൽ തന്നെ കടം പെരുകുന്നത് ഒരു പരിധി വരെ തടയാനാകും. ഇനി ഈ കടക്കെണിയിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്ന് നോക്കാം.

ബജറ്റ് തയ്യാറാക്കുക

കടക്കെണിയിൽ വീഴാതിരിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ഒരു ബജറ്റ് തയ്യാറാക്കുക എന്നതാണ്. ഒരു ബജറ്റ് തയ്യാറാക്കി അതിന് അനുസരിച്ച് ചിലവഴിക്കുന്നവർ കടക്കെണിയിൽ വീഴാനുള്ള സാദ്ധ്യത കുറവാണ്. ബജറ്റ് തയ്യാറാക്കുമ്പോൾ പ്രതിമാസ ചിലവുകൾക്കു വേണ്ടിയും കടം തിരിച്ചടയ്ക്കാൻ ആവശ്യമായ തുകയും മാറ്റി വയ്ക്കണം. നിങ്ങൾ സാമ്പത്തികമായി സുരക്ഷിതരാകുന്നതുവരെ ചെറുതോ വലുതോ ആയ അനാവശ്യ ചിലവുകളെല്ലാം ഒഴിവാക്കണം. മാത്രമല്ല നിങ്ങൾക്ക് ഒരു ദീർഘകാല സാമ്പത്തിക ലക്ഷ്യമുണ്ടെങ്കിൽ അത് നേടുന്നതിനും ഒരു ബജറ്റ് പിന്തുടരുന്നത് നല്ലതാണ്.

തിരിച്ചടവ് മുടക്കാതിരിക്കുക

കടക്കെണിയിൽ വീഴാതിരിക്കാൻ ഏറ്റവും ആദ്യം ശീലിക്കേണ്ട ഒരു കാര്യം വായ്പകൾ മുടക്കം വരുത്താതെ തിരിച്ചടയ്ക്കുകയാണ്. കടം കൂട്ടി വയ്ക്കുന്നത് ഒഴിവാക്കുക. കഴിയുമെങ്കിൽ എല്ലാ മാസവും വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുക. ഇനി നിങ്ങളുടെ കൈയിൽ തിരിച്ചടയ്ക്കാനുള്ള പണം ഇല്ലെങ്കിൽ ഫിക്സിഡ് ഡിപ്പോസിറ്റ്, പ്രൊവിഡൻറ്റ് ഫണ്ട്, മ്യൂച്ചൽ ഫണ്ട് എന്നിവയിൽ നിന്നും പണം കണ്ടെത്തുക. അല്ലെങ്കിൽ ഫിക്സിഡ് ഡിപ്പോസിറ്റുകളിൽ നിന്നും മറ്റും കുറഞ്ഞ പലിശക്ക് വായ്പകൾ ലഭിക്കും. ഈ സൌകര്യം പ്രയോജനപ്പെടുത്തുക. സാഹചര്യം മെച്ചപ്പെടുമ്പോൾ ഈ നിക്ഷേപങ്ങൾ വീണ്ടും തുടങ്ങാവുന്നതേ ഉള്ളൂ.

ഒരു പട്ടിക തയ്യാറാക്കുക.

വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, പേഴ്സണൽ ലോൺ തുടങ്ങി നിങ്ങളുടെ കടത്തിൻറ്റെ എല്ലാം ഒരു ലിസ്റ്റ് തയ്യാറാക്കുക.ഒപ്പം അടയ്ക്കേണ്ട ബാക്കി തുകയും കാലാവധിയും രേഖപ്പെടുത്തുക. ഇങ്ങനെ ചെയ്യുന്നവർക്ക് കടങ്ങൾ വേഗത്തിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്തർ പറയുന്നത്.

മുൻഗണന നൽകുക.

ഒരാൾക്ക് ഒന്നിൽ കൂടുതൽ വായ്പകൾ ഉണ്ടെങ്കിൽ അയാൾ ചില കടങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. കാരണം ചില വായ്പകൾക്ക് പലിശ നിരക്ക് വളരെ കൂടുതൽ ആയിരിക്കും. പേഴ്സണൽ ലോണിനേക്കാളും വിദ്യാഭ്യാസ വായ്പയേക്കാളും ക്രെഡിറ്റ് കാർഡിൻറ്റെ പലിശ നിരക്ക് കൂടുതലാണ്. അതുകൊണ്ട് അയാൾ ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്ക്ക് മുൻഗണന നൽകണം. ഇങ്ങനെ ചെയ്യുന്നത് കടം പെരുകുന്നത് തടയാൻ സഹായിക്കും.

പുതിയ വായ്പകൾ

കടബാദ്ധ്യതയിൽ അകപ്പെട്ട ഒരാൾ ആദ്യം ശ്രദ്ധിക്കേണ്ടത് പുതിയ കടങ്ങൾ എടുക്കാതിരിക്കുക എന്നതാണ്. ഇത് കടബാദ്ധ്യത വർദ്ധിപ്പിക്കാൻ മാത്രമേ ഇടയാക്കൂ. എന്നാൽ പലിശ നിരക്ക് കുറവുള്ളതും കൂടുതൽ സുരക്ഷിതവുമായ ഒരു വായ്പ എടുത്തുകൊണ്ട് നിങ്ങളുടെ നിലവിലെ ഒരു കടം ഒഴിവാക്കുന്നതിൽ തെറ്റില്ല. അത് കുറച്ചുനാൾ കൂടി കാലാവധി കിട്ടുന്നതിനും സഹായിക്കും. അടിയന്തരമായി കൊടുത്തു തീർക്കേണ്ടതോ ഉയർന്ന പലിശ നിരക്ക് ഉള്ളതോ ആയ വായ്പകൾ ഇങ്ങനെ ഒഴിവാക്കാം.

വരുമാനം വർദ്ധിപ്പിക്കുക

കടബാദ്ധ്യതയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ്. അതുകൊണ്ട് അധിക വരുമാനത്തിനായി ഒരു പാർട്ട് ടൈം ജോലിയോ മറ്റു മാർഗ്ഗങ്ങളോ കണ്ടെത്താം.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്