Advertisement

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇതൊക്കെയാണ്

നമ്മുടെ ജീവന് എപ്പോഴും സുരക്ഷിതത്വം നൽകുന്നവയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. കൊവിഡ് പോലുള്ള മഹാമാരികൾ രൂക്ഷമാകുന്ന ഈ കാലത്ത് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഡോക്ടറുടെ സർട്ടിഫിക്കേറ്റ്, ചികിത്സയ്ക്കുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ, ഡോക്യൂമെൻറ്റേഷൻ, കാത്തിരിപ്പ് കാലാവധി എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊതുവേ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കുന്നത്. എന്നാൽ ഈ നിബന്ധനകൾ കൃത്യമായി പാലിക്കാത്ത സാഹചര്യങ്ങളിൽ എല്ലാം ക്ലെയിം നിരസിക്കപ്പെടുകയും ചെയ്യും. ഇനി ഏതൊക്കെ സന്ദർഭങ്ങളിലാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നതെന്ന് നോക്കാം

Advertisement

 ഏതൊരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിലും കവർ ചെയ്യാത്ത റിസ്കുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ല
 ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോഴുള്ള നിലവിലെ രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ 24 മാസം മുതൽ 48 മാസം വരെ കാത്തിരിപ്പ് കാലാവധി ബാധകമാണ്. കാത്തിരിപ്പ് കാലയളവിന് ശേഷം മാത്രമേ മുൻകാല രോഗങ്ങൾക്ക് ക്ലെയിം ലഭിക്കൂ.
 പോളിസിയെടുക്കുമ്പോൾ തന്നെ നിലവിലെ അസുഖവിവരങ്ങൾ കൃത്യമായി ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണ്. അല്ലാത്ത സന്ദർഭങ്ങളിൽ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്.
 എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും പെർമനെൻറ്റ് എക്സിക്യൂഷൻ ബാധകമാണ്. അതായത് ഒരിക്കലും ക്ലെയിം ലഭിക്കാത്ത ആശുപത്രി ചിലവുകളുണ്ട്.
 സ്കാനിംങ്, രക്തപരിശേധന തുടങ്ങി ആശുപത്രിയിലോ ക്ലിനിക്കിലോ നടത്തുന്ന രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനോ തിരിച്ചറിയുന്നതിനോ ഉണ്ടാകുന്ന ചിലവുകൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമല്ല.
 ഇൻഷുറൻസ് ക്ലെയിം കൃത്യമായി ലഭിക്കുന്നതിന് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സിക്കണം. ഔട്ട് പേഷ്യൻറ്റായി ചികിത്സിച്ചാൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്നതാണ്.
 പോളിസിയിൽ പറയുന്ന മുറിവാടകയെക്കാൾ കൂടുതൽ നിരക്കിലുള്ള മുറികൾ വാടകയ്ക്ക് എടുത്ത് ചികിത്സിച്ചാലും നമുക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക ആനുപാതികമായി കുറയാൻ സാധ്യതയുണ്ട്.
 ചില പോളിസികളിൽ സബ് ലിമിറ്റ് ബാധകമാണ്. അതായത് ചില അസുഖങ്ങളുടെ ചികിത്സാചിലവുകൾ നേരത്തെ തന്നെ പോളിസികളിൽ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. അതുക്കൊണ്ട് തന്നെ ചികിത്സാ ചിലവ് എത്രയായാലും പോളിസി പ്രകാരമുള്ള തുക മാത്രമേ ഉപഭോക്താവിന് ലഭിക്കൂ.
 മറ്റ് ചില ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കോ പേയ്മെൻറ്റ് വ്യവസ്ഥ ഉണ്ട്. അതായത് ചികിത്സാ ചിലവിൻറ്റെ നിശ്ചിത ശതമാനം പോളിസി ഹോൾഡർ വഹിക്കേണ്ടതാണ്. ബാക്കി തുകയേ ഇൻഷുറൻസ് ക്ലെയിമായി ലഭിക്കൂ.
 ഇൻഷുറൻസ് കമ്പനികൾ നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ മതിയായ രേഖകൾ സമർപ്പിച്ച് ക്ലെയിം ചെയ്യേണ്ടതാണ് അല്ലെങ്കിൽ ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് സാധിക്കും. അതുപോലെ തന്നെ ആശുപത്രി ബില്ലുകൾ, പരിശോധന റിപ്പോർട്ടുകൾ, ഡോക്ടറുടെ സർട്ടിഫിക്കേറ്റ്, ഡിസ്ചാർജ് കാർഡ് എന്നിവയുടെ ഒറിജിനൽ രേഖകൾ വേണം ക്ലെയിം ലഭിക്കുന്നതിനായി സമർപ്പിക്കുവാൻ അല്ലെങ്കിൽ ക്ലെയിം നിരസിക്കാനുള്ള സാധ്യതയുണ്ട്.

ആശുപത്രി ഇൻഷുറൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർ തുടങ്ങി തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാർക്ക് ക്ലെയിം തീർപ്പാക്കുമ്പോൾ പലതരം തെറ്റുകൾ സംഭവിക്കാറുണ്ട്. ഇത് പോളിസി ഹോൾഡർമാരെ വിപരീതമായി ബാധിക്കുന്നതുക്കൊണ്ട് തന്നെ പോളിസി തിരഞ്ഞെടുക്കുമ്പോൾ മുതൽ ശ്രദ്ധിക്കണം. അർഹമായ തുക ലഭിക്കാതെ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താകൾക്ക് അതാത് ഇൻഷുറൻസ് കമ്പനിയുടെ പരാതി സെല്ലിൽ പരാതിപ്പെടാവുന്നതാണ്. എന്നിട്ടും മതിയായ പരിഹാരം ലഭിച്ചില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻറ്റെ ഓഫീസിലോ അല്ലെങ്കിൽ കൺസ്യൂമർ കോടതിയിലോ പരാതി നൽകാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്